'നയന്‍താര കല്യാണം വിളിച്ചില്ലേ?'; രസകരമായ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

ഇക്കഴിഞ്ഞ ആഴ്ചയാണ് സംവിധായകന്‍ വിഗ്‌നേഷ് ശിവനും നടി നയന്‍താരയും വിവാഹിതരായത്. മഹാബലിപുരത്തുവെച്ചായിരുന്നു വിവാഹം. മലയാളത്തില്‍ നിന്ന് നടന്‍ ദീലീപ് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിത ‘നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യത്തിന് ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

‘വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്’ ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ പ്രധാന വേഷത്തിലെത്തിയത് ധ്യാന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍.

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു ധ്യാന്റെ രസകരമായ പ്രതികരണം.