എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും, ഫണ്‍ ആയിട്ടേ അതിനെ കാണൂ..; ശ്രീനാഥ് ഭാസി വിഷയത്തില്‍ ധ്യാന്‍

അഭിമുഖ വിവാദങ്ങളോട് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അബിമുഖത്തില്‍ ശ്രീനാഥ് ഭാസി മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചത് വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുക്കുകയും നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിന്നാലെ നടന്‍ ജാമ്യത്തില്‍ ഇറങ്ങി. ഇതിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരത്തെ വിലക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ധ്യാന്‍ പ്രതികരിച്ചത്. ഇരു ഭാഗത്തും ഉള്ളവര്‍ തന്റെ സുഹൃത്തുക്കളാണ്, തന്നോട് എന്ത് ചോദിച്ചാലും പ്രശ്‌നമില്ല എന്നാണ് ധ്യാന്‍ പറയുന്നത്.

”കേസ് ഒക്കെയായി നില്‍ക്കുന്ന വിഷയമല്ലേ. രണ്ട് പേരും നമ്മുടെ സുഹൃത്തുക്കളാണ്. എനിക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഞാന്‍ ഫണ്‍ ആയിട്ടേ അതിനെ കാണൂ. എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും. എനിക്ക് കുഴപ്പമില്ല” എന്ന് ധ്യാന്‍ പറഞ്ഞു.

അതേസമയം, ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതോടെ പരാതി പിന്‍വലിക്കുന്നതായി മാധ്യമപ്രവര്‍ത്തക അറിയിച്ചിരുന്നു. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ധ്യാനിനെ കുറിച്ച് പരാമര്‍ശം നടത്തിയിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു.