അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു; കാരണം പങ്കുവെച്ച് ധ്യാന്‍, മറുപടി നല്‍കി അജു

എന്തുതരം വേഷങ്ങളും അനായാസമായി വഴങ്ങുന്ന നടനാണ് അജു വര്‍ഗീസ്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഗൗരവമായ കഥാപാത്രങ്ങളും ഭംഗിയായി അവതരിപ്പിക്കാന്‍ അജുവിന് കഴിഞ്ഞിരുന്നു. ഇതിനിടെ സാജന്‍ ബേക്കറി, കമല പോലുള്ള ചിത്രങ്ങളില്‍ നായകനായും അജു എത്തിയിരുന്നു. എന്നാല്‍ കമല വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു.

ഇപ്പോഴിതാ അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുഹൃത്തായ ധ്യാന്‍ ശ്രീനിവാസന്‍. ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നെന്നും കാരണം മറ്റൊന്നുമല്ല നമുക്കൊരു ക്യാരക്ടര്‍ ആക്ടറിനെ മിസ്സാകും എന്നായിരുന്നു ഇതോടെ ധ്യാന്‍ പറഞ്ഞത്.
ഇതുപോലെ തന്നെ കുറേ ആളുകള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുമെന്നായിരുന്നു ധ്യാനിനോടുള്ള അജുവിന്റെ മറുപടി . നല്ലൊരു ക്യാരക്ടര്‍ ആക്ടര്‍ പോകല്ലേയെന്ന അവരുടെ പ്രാര്‍ത്ഥന കൊണ്ടായിരിക്കാം കമല പോലുള്ള സിനിമ പൊട്ടിപ്പോയതെന്നും അജു പറഞ്ഞു

.ഞാന്‍ അരുണ്‍ ചന്ദ്രനോട് പറഞ്ഞു, ഒരു വര്‍ഷത്തെ മോശം സിനിമകളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഭാഗ്യമുണ്ടെടാ, അതില്‍ നമ്മുടെ പടമില്ല. ആ ട്രോഫി കൊണ്ടുപോകാന്‍ കുറേപ്പേര്‍ ഉണ്ടായിരുന്നുവെന്ന്, അജു പറഞ്ഞു.