യൂണിറ്റ് വണ്ടിയുടെ ചൂട് പുക മുഖത്തടിച്ചാലെ എഴുത്ത് വരൂ, എഴുതുന്നത് ആര്‍ക്കും വായിക്കാനും കഴിയില്ല; ശ്രീനിവാസനെ കുറിച്ച് ധ്യാന്‍

 

‘അച്ഛന്‍ ശ്രീനിവാസനെഴുതുന്ന സ്‌ക്രിപ്റ്റ് ആര്‍ക്കും വായിക്കാന്‍ പറ്റില്ലെന്ന് ധ്യാന്‍. കാരണം അത്രത്തോളം കൂട്ടക്ഷരമാണ് ഉപയോഗിക്കുകയെന്നും ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും ആ എഴുത്തിന് മുന്നില്‍ തോറ്റുപോകുമെന്നും ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പലപ്പോഴും ഡിടിപി ചെയ്യാന്‍ പോയി ഞാന്‍ വലഞ്ഞിട്ടുണ്ട്. അച്ഛന്‍ എല്ലാം എഴുതി പൂര്‍ത്തിയാക്കിയല്ല ലൊക്കേഷനിലേക്ക് പോവുക.’പകുതിയും അവിടിരുന്ന് സ്‌പോട്ടില്‍ എഴുതുന്നതാണ്. അച്ഛന് യൂണിറ്റ് വണ്ടിയുടെ ചൂട് പുക മുഖത്തടിച്ചാലെ എഴുത്ത് വരൂ. അച്ഛന്റെ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞ് കേട്ടിട്ടുള്ളതാണ്.’

‘ഞാനും ഇപ്പോള്‍ അച്ഛനെപ്പോലെയാണ്. പല ഷോട്ടുകളും സെറ്റിലിരുന്നാണ് എഴുതുന്നത്. ചിലപ്പോള്‍ എഴുത്ത് വരില്ല. ആ സമയങ്ങളില്‍ സന്ദര്‍ഭം ആര്‍ട്ടിസ്റ്റിന് പറഞ്ഞ് കൊടുക്കും. ബാക്കി അവര്‍ റിയലിസ്റ്റിക്കായി ചെയ്യും. പ്രകാശന്‍ പറക്കട്ടെ സിനിമയുടെ ചിത്രീകരണ സമയത്തും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്’ ധ്യാന്‍ പറയുന്നു.

ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.

ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്. ദിലീഷ് പോത്തന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.