തേങ്ങയിടാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും, വീട്ടില്‍ വലിയ പരിഗണനയൊന്നുമില്ല : ധ്യാന്‍

 

എല്ലാവരും തന്നെ ഉപദേശിക്കാറുണ്ടെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. വീട്ടില്‍ തേങ്ങയിടാന്‍ വരുന്നയാള്‍ പോലും തന്നെ ഉപദേശിക്കാറുണ്ടെന്ന് ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം തമാശ രീതിയില്‍ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്

‘വീട്ടില്‍ ഇപ്പോഴും തേങ്ങയിടാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാല്‍ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടില്‍ അങ്ങനെ വലിയ പരിഗണനയൊന്നുമില്ല എനിക്ക്. അമ്മയെ സംബന്ധിച്ചടത്തോളം ഭര്‍ത്താവ് സിനിമാക്കാരന്‍ ശ്രീനിവാസന്‍, മൂത്തമോന്‍ വിനീത് ശ്രീനിവാസന്‍.

അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സ്ഥാനം. നമ്മളോട് സ്‌നേഹമുള്ളതുകൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ട് ദിവസം വീട്ടില്‍ ഇരുന്നാല്‍ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുക. ചേട്ടന്‍ അന്നും ഇന്നും ഒരുപോലെയാണ്. ഒരുപാട് സ്‌നേഹമുള്ളയാളാണ്, ഇടയ്ക്ക് എന്റെ നല്ലതിനായി ഉപദേശമൊക്കെ തരും.

അല്ലാതെ ചേട്ടന്റെ അധികാരം ഒന്നുമെടുക്കില്ല. ചേട്ടന്‍ മാത്രമല്ല അച്ഛനും അമ്മയുമതെ, അവരാരും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. നിനക്കിഷ്ടമുള്ളതെന്തോ അതു ചെയ്യൂ എന്നാണ് പറയുക. പിന്നെ, ഇടയ്ക്ക് ഉപദേശിക്കും, പക്ഷേ ഞാനത് കേള്‍ക്കാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ,’ധ്യാന്‍ പറയുന്നു.

 

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിനൊരുങ്ങുന്നത്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.