പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ പറഞ്ഞു: ധര്‍മജന്‍

തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമാ താരമായതിനാല്‍ താന്‍ കോടിക്കണക്കിന് രൂപയുമായാണ് മത്സരിക്കാന്‍ വരുന്നത് എന്നാണ് ചിലര്‍ വിചാരിച്ചത്. പ്രചാരണം തുടങ്ങിയപ്പോള്‍ നിരന്തരം പണം ആവശ്യപ്പെട്ടതായും ധര്‍മജന്‍ പറയുന്നു.

സാധാരണ സിനിമക്കാരനായ തനിക്ക് കോടികളൊന്നും ചെലവഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്.

താന്‍ ആരുടെ കൈയില്‍ നിന്നും തിരഞ്ഞെടുപ്പിനായി പണം വാങ്ങിയിട്ടില്ല. ഒരു സിനിമാ താരത്തിന്റെ കൈയില്‍ നിന്നും സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാല്‍ പോരേ എന്നാണ് ഒരു നേതാവ് ചോദിച്ചത്. പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ പറഞ്ഞതായി ധര്‍മജന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

Read more

ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് തന്റെ പേരില്‍ പണം പിരിച്ചവര്‍ക്കെതിരെ കെ.പി.സി.സിക്ക് കത്ത് നല്‍കിയത്. രണ്ട് കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് തനിക്കെതിരെ നീങ്ങിയത് എന്നും ധര്‍മജന്‍ പറയുന്നു.