ദുരിതാശ്വാസ നിധിയില്‍ വേഗം പണമെത്തി, എന്നാലത് വേഗത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ല: വിമര്‍ശിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ പ്രളയത്തില്‍ ദുരിതാശ്വാസ നിധിയില്‍ വേഗം പണമെത്തിയെന്നും എന്നാല്‍ ആ പണം വേഗത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ലെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല എന്നു പറയുന്നത് ഭരണാധികാരികളുടെ പരാജയമായിട്ടാണ് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയിലാണ് ധര്‍മ്മജന്റെ വിമര്‍ശനം.

‘ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല. ഞാന്‍ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.’

‘ഞാന്‍ ഒരു  പൈസ പോലും ഇതില്‍നിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവര്‍ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുളള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാമായിരുന്നില്ലേ എന്ന്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലേ.’ എന്നാണ് ധര്‍മ്മജന്‍ ചോദിക്കുന്നത്.

എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ ധര്‍മ്മജനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.