'ഈ രോഗം അനുഭവിക്കുന്ന ആരും ഒറ്റയ്ക്കല്ല, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഒരിക്കല്‍ ഞാനും ഇതിനെ നേരിട്ടതാണ്'

വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോണ്‍. ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തില്‍ക്രിസ്റ്റല്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുമ്പോഴാണ് ഒരിക്കല്‍ താന്‍ നേരിട്ട രോഗത്തെ കുറിച്ച് ദീപിക മനസു തുറന്നത്. ഈ രോഗം അനുഭവിക്കുന്ന ആരും ഒറ്റയ്ക്കല്ലെന്നും അവര്‍ക്കൊപ്പം താനുണ്ടെന്നും സഹായിക്കാന്‍ മനസുമുണ്ടെന്നും ദീപിക പറഞ്ഞു. “ചപാക്കി”ന്റെ ഷൂട്ടിങ്ങിനിടെയും തനിക്ക് വിഷാദരോഗത്തെ നേരിടേണ്ടി വന്നതായി അടുത്തിടെ ദീപിക വെളിപ്പെടുത്തിയിരുന്നു.

“വിഷാദം ബാധിച്ച വ്യക്തിയെ മനസ്സിലാക്കുക എന്നതാണു പ്രധാനം. അതാണ് രോഗത്തെ നേരിടാനുള്ള ആദ്യ ചുവടും. വിഷാദ രോഗവും ഉല്‍കണ്ഠയും മറ്റ് ഏതൊരു രോഗത്തെയും പോലെയാണ്. ചികിത്സിക്കാനും ഭേദമാക്കാനും കഴിയുന്ന രോഗം. സ്വന്തം അനുഭവത്തില്‍നിന്നു പഠിച്ച കാര്യങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍ക്കുവേണ്ടിയും പോരാടേണ്ടതുണ്ടെന്ന തീരുമാനത്തില്‍ ഞാന്‍ എത്തുന്നത്.” ദീപിക പറഞ്ഞു.

“ഈ രോഗം അനുഭവിക്കുന്ന ആരും ഒറ്റയ്ക്കല്ല. നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, സഹായിക്കാന്‍ സന്നദ്ധതയുള്ള മനസ്സുണ്ട്. വിഷാദ രോഗത്തെ എതിരിടാന്‍ വേണ്ടി മാത്രം ലക്ഷക്കണക്കിനു ഡോളറുകളാണ് ഓരോ വര്‍ഷവും രാജ്യങ്ങള്‍ ചെലവഴിക്കുന്നത്. ഇതിങ്ങനെ മുന്നോട്ടു പോയാല്‍ വിഷാദം രാജ്യങ്ങള്‍ക്കു വലിയ സാമ്പത്തിക ബാധ്യതയായി മാറും. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനമാണ് ഇപ്പോള്‍ ദാവോസില്‍ നടക്കുന്നത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ ലോകത്ത് എവിടെയെങ്കിലും ഒരാളെങ്കിലും വിഷാദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകും.” ദീപിക പറഞ്ഞു.