തിരിച്ചറിയാന്‍ വൈകിപ്പോയി, ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്; ഫഹദിനെ പുകഴ്ത്തി ദംഗല്‍ സംവിധായകന്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ നീതേഷ് തിവാരി. ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെയാണ് നിതേഷ് എടുത്തുപറഞ്ഞത്. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളായിരുന്നു അവ.

ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നാണ് ദംഗല്‍ സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

ഫഹദ് ഫാസിലിനെ കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നിരവധി പേര്‍ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ഫഹദിന്റെ സിനിമകളും കാണണമെന്നാണ് ദംഗല്‍ സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നസ്രിയ നസീം, വേദിക, സൗബിന്‍ ഷാഹിര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ട്രാന്‍സ്.