ആട് 2 വിലെ ചെകുത്താന്‍ ലാസര്‍; ടെക്കിയില്‍നിന്ന് വില്ലനായി മാറിയ കഥ

ആട് 2 വില്‍ ആറടിക്ക് മുകളില്‍ ഉയരവും 110 കിലോയ്ക്ക് മുകളില്‍ ശരീരഭാരവും നാല്‍പ്പതിന് മുകളില്‍ പ്രായവുമുള്ള അഭിനേതാവിനെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ടെക്കിയായ ഹരിപ്രസാദ് എംജിയെ സിനിമയിലെത്തിച്ചത്. ആറടി നാല് ഇഞ്ച് ഉയരവും 114 കിലോ ശരീരഭാരവും 41 വയസ്സ് പ്രായവുമാണ് ഹരിപ്രസാദിനുള്ളത്.

അഭിനയ മോഹം വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആളാണ് ഹരി. അച്ഛാദിന്‍, ലാസ്റ്റ് സപ്പര്‍, ഫയര്‍മാന്‍ തുടങ്ങിയ സിനിമകളില്‍ മുഖംകാണിച്ച് മടങ്ങിയിട്ടുള്ള ഹരിക്ക് ലഭിക്കുന്ന ആദ്യ നല്ല കഥാപാത്രമാണിത്.

അഭിനയത്തില്‍ ഹരിശ്രീകുറിച്ച ഒരാള്‍ക്ക് ലഭിക്കാവുന്നതിലും വെച്ച് ഏറ്റവും നല്ല ക്യാരക്ടര്‍ എന്‍ട്രിയാണ് മിഥുന്‍ മാനുവല്‍ തനിക്ക് വേണ്ടി ആട് 2 വില്‍ ഒരുക്കിയതെന്ന് ഹരിപ്രസാദ് ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ അഭിനയിച്ചിരുന്നെങ്കിലും തന്റെ കഥാപാത്രം എങ്ങനെയായിരിക്കും സിനിമയില്‍ കാണപ്പെടുക എന്ന കാര്യത്തില്‍ ഹരിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. മിഥുന്‍ സിനിമയുടെ പ്രിവ്യു കാണിച്ചപ്പോള്‍ ശരിക്കും ഞെട്ടിപോയെന്നും എല്ലാ ക്രെഡിറ്റുകളും മിഥുനാണെന്നും ഹരി പറയുന്നു.

ഒരു മാസം കൊണ്ട് ശരീരഭാരം 126 കിലോയില്‍ എത്തിച്ചു. ഷൂട്ടിംഗിന് എത്തിയപ്പോള്‍ തടി കൂടിയത് കൊണ്ട് തയിച്ചുവെച്ച വസ്ത്രങ്ങളൊന്നും ചേര്‍ന്നില്ല. ജയസൂര്യ ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു നീ കൈ വീശുമ്പോള്‍ സൂക്ഷിച്ചൊക്കെ ചെയ്യണം കേട്ടോ എന്ന്. സ്റ്റണ്ട് മാസ്റ്റര്‍ മാഫിയാ ശശി ചോദിച്ചത് ഹരിയുടെ സൈസില്‍ ഡ്യൂപ്പിനെ കണ്ടെത്താന്‍ വലിയ പ്രയാസമായിരിക്കും ഫൈറ്റ് എങ്ങനെയാ ഒറ്റയ്ക്ക് ചെയ്യുമോ എന്നാണ്. മറിച്ചൊന്ന് ചിന്തിക്കാതെ ഡ്യൂപ്പ് വേണ്ട സ്വയം ചെയ്‌തോളാമെന്ന് ഹരി സമ്മതിക്കുകയും ചെയ്തു. എല്ലാത്തിനും ആട് 2വിന്റെ ടീം മികച്ച പിന്തുണ നല്‍കുകയും ചെയ്തുവെന്നും ഹരി ഓര്‍ത്തെടുക്കുന്നു.