അവര്‍ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; ദുരിതക്കയത്തിലും ലഭിച്ച സിനിമ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ചാര്‍മിള

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ചാര്‍മിള ഇപ്പോള്‍ ദുരിതക്കയത്തിലാണ്. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. പുതിയ സിനിമയില്‍ ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടല്‍ മൂലം താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ചാര്‍മിള വനിതയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ എന്താണ് ഇങ്ങനെയെന്നോര്‍ത്ത് വല്ലാതെ വിഷമം തോന്നി. അമ്മയില്‍ മുമ്പ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാന്‍ സാധിച്ചില്ല. കുടിശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.’-ചാര്‍മിള പറഞ്ഞു.

മലയാളത്തില്‍ ചാര്‍മിള അഭിനയിച്ച നാലു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങള്‍ രണ്ടെണ്ണം അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴാണ് ഇനി വരാനുള്ളത്.