ഷക്കീല പ്രതിഭാസമാണ്, അവര്‍ക്ക് എന്നും അവഗണന മാത്രമാണു ലഭിച്ചിട്ടുള്ളത്: റിച്ച ഛദ്ദ

ഗ്ലാമറസ് വേഷത്തിന്റെ പേരിലാണ് പലപ്പോഴും ഷക്കീലയെ വിശേഷിപ്പിക്കാറുള്ളത്. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് കരിയറിലെ തുടക്കകാലത്താണ് അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ മുമ്പ് അഭിനയിച്ച സിനിമകളുടെ പേരിലാണ് അവര്‍ ഇപ്പോഴും വിലയിരുത്തപ്പെടുന്നതെന്ന് പറയുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദ. അവര്‍ പ്രതിഭാസമാണെന്നാണ് റിച്ച പറയുന്നത്.

‘പല ആളുകളും ഷക്കീലയെ അവര്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ അവര്‍ പ്രതിഭാസമായാണ് എനിക്ക് തോന്നുന്നത്. ജീവിതത്തില്‍ കഷ്ടതകളും വെല്ലുവിളികളും ഉണ്ടായപ്പോള്‍ ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തില്‍ കഷ്ടത അനുഭവിച്ച നിമിഷങ്ങളില്‍ എല്ലാവരും പൈസ മാത്രം അവര്‍ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവര്‍ക്ക് ആരുമില്ലായിരുന്നു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ റിച്ച പറഞ്ഞു.

ഷക്കീലയുടെ ജീവിതകഥ പറയുന്ന ‘ഷക്കീല’ എന്ന ചിത്രത്തില്‍ റിച്ചയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷക്കീല എന്ന അഭിനേത്രിയെയും വ്യക്തിയെയും കളങ്കമറ്റ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും റിച്ച അഭിമുഖത്തില്‍ പറഞ്ഞു.