‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ തൊണ്ടിമുതലു പോലെ ചെറിയൊരു സംഭവുമായി കോര്‍ത്തിണക്കി പറയുന്ന ചിത്രമാണ്: ബിജു മേനോന്‍

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രം സംവൃത സുനിലിന്റെ രണ്ടാം വരവിനു കൂടി വേദിയാകുന്ന സിനിമയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. തൊണ്ടിമുതലു പോലെ തന്നെ ചെറിയൊരു സംഭവുമായി കോര്‍ത്തിണക്കി പറയുന്ന ചിത്രമാണിതെന്നാണ് ബിജു മേനോന്‍ പറയുന്നത്.

‘ഈ സിനിമയുടെ കഥ ഞാന്‍ കേള്‍ക്കുന്നത് ഊട്ടിയില്‍ വെച്ചാണ്. സജിയും പ്രജിത്തും ഈ കഥ പറഞ്ഞപ്പോള്‍ അത് ഇഷ്ടപ്പെട്ട് ചിത്രം ചെയ്യാമെന്ന തീരുമാനിക്കുകയായിരുന്നു. കാരണം നല്ലൊരു റിയലിസ്റ്റിക് ടച്ചുള്ള സിനിമയാണ് ഇത്. നല്ല കഥയും നല്ല കഥാപാത്രങ്ങളുമാണ്. അതിനാല്‍ തന്നെ ഈ സിനിമ നഷ്ടപ്പെടുത്തരുതെന്ന് തോന്നി. രണ്ട് വര്‍ഷത്തോളമായി സജി ഈ ചിത്രത്തിന്റെ പുറകേയാണ്. ഇത് മാക്‌സിമം റിയലിസ്റ്റിക് ആക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഒരു ഗ്രാമാന്തരീഷത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.’

‘സജിയുടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ ഇതിന്റെയൊരു ഭാഗമാകാന്‍ പറ്റിയില്ലല്ലോ എന്ന് നമുക്ക് തോന്നും. സജിയുടെ സിനിമയുടെ ഒരു പാറ്റേണ്‍ എന്നു പറഞ്ഞാല്‍ വലിയൊരു കഥയോ കാര്യങ്ങളോ അല്ല. ഒരു എലമെന്റോ ഇന്‍സിഡന്റോ അതുപോലെ ചെറിയൊരു സാധനം അതിനെ കോര്‍ത്തിണക്കി പറയുന്ന രീതിയാണ് സജിയുടേത്. ഈ സിനിമയും അതുപോലെ തന്നെയാണ്.’ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.