'ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ'

തന്റെ ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ ആയിരുന്നെന്ന് നടി ഭാവന. “മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളൂരുവില്‍നിന്ന് നവീന്‍ കൊച്ചിയിലെത്തി. എല്ലാ സപ്പോര്‍ട്ടും തന്ന് കൂടെനിന്നു. അതോടെയാണ് അഞ്ചു വര്‍ഷം രഹസ്യമായി കൊണ്ടു നടന്ന പ്രണയം എല്ലാവരും അറിഞ്ഞത്” – വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

“ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ നവീനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രണയവും പ്രണയനഷ്ടവും കുട്ടിക്കാലത്തെ തമാശകളും സിനിമയും യാത്രകളുമൊക്കെ. നവീനുമുണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം” – ഭാവന പറഞ്ഞു.

സിനിമയിലേക്ക് വീണ്ടും വരില്ലേ എന്ന് ചോദിച്ചപ്പോള്‍ ഭാവന നല്‍കിയ ഉത്തരം ഇങ്ങനെ.

അതിന് ഞാന്‍ എങ്ങോട്ടും പോകുന്നില്ലല്ലോ. ഇനി സിനിമയിലേക്കില്ല എന്നൊന്നും പറയുന്നില്ല. നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താല്‍പര്യമില്ല. നിന്റെ കരിയര്‍ തുടരണം എന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമയാണ് എന്നും പിന്തുണച്ചിട്ടുള്ളത്. അതുകൊണ്ട് ഒരിക്കലും മലയാള സിനിമയെ വിട്ടുപോകില്ല.