ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയവന്‍റെ കഥയാണ് ‘ജൂതന്‍’; ഭദ്രന്‍

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രമാണ് ജൂതന്‍. മോഹന്‍ലാല്‍ ചിത്രമായ ഉടയോന് ശേഷം ഭദ്രന്‍ ഒരുക്കുന്ന സിനിമയാണിത്. പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായെത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നിരുന്നതെങ്കിലും ഭദ്രന്റെ വിളി ചെന്നത് സൗബിന്‍ ഷാഹിറെന്ന യുവനടനിലേയ്ക്കായിരുന്നു. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന്‍ പറയുന്നത്.

‘ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചത്. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. അവളുടെ സാമീപ്യം അയാളിലെ സത്യസന്ധനായ വ്യക്തിയെ പുറത്തു കൊണ്ടു വരുന്നതാണ് കഥ.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

ചിത്രത്തില്‍ ജൂതന്റെ വേഷത്തില്‍ സൗബിന്‍ എത്തുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.