മിന്നലടിച്ച് നായകനും വില്ലനുമുണ്ടായത് ഓക്കെ, എന്നുകരുതി കുറുക്കന്‍മൂല അങ്ങനത്തെ ഒരു സ്പേസ് അല്ല; റിപ്പോര്‍ട്ടുകള്‍ തള്ളി ബേസില്‍ ജോസഫ്

 

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. കുറുക്കന്‍മൂല എന്ന സ്ഥലം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും പശ്ചാത്തലമാവുകയെന്നൊക്കെയായിരുന്നു ചര്‍ച്ചകളില്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ മനസ്സുതുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്.

രണ്ടാം ഭാഗം തീര്‍ച്ചയായും പുറത്തിറങ്ങണമെന്നാണ് അണിയറപ്രവര്‍ത്തകരെല്ലാം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ലൊക്കേഷന്‍ കുറുക്കന്‍മൂല ആയിരിക്കില്ല എന്നുമാണ് അഭിമുഖത്തില്‍ ബേസില്‍ പറയുന്നത്.
‘എന്തായാലും മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകണം എന്ന് തന്നെയാണ് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്. എപ്പോഴാണ്, എങ്ങനെയാണ് എന്നൊന്നും തീരുമാനമായിട്ടില്ല. കുറുക്കന്‍മൂല ഒരു കുഞ്ഞു ഗ്രാമമാണ്. എല്ലാ സംഭവങ്ങളും അവിടെത്തന്നെ നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്.

മിന്നലടിച്ച് നായകനും വില്ലനുമുണ്ടായത് ഓക്കെ. അത് അംഗീകരിക്കാം. എന്നുകരുതി കുറുക്കന്‍മൂല അങ്ങനത്തെ ഒരു സ്പേസ് അല്ല. എല്ലാ ഫാന്റസിയും അവിടെ സംഭവിക്കില്ല. അതുകൊണ്ട് കുറുക്കന്‍മൂലയുടെ വെളിയിലേക്ക് പോകേണ്ടി വരും,” ബേസില്‍ പറയുന്നു.

ടൊവിനോ തോമസ് എന്തായാലും സിനിമയിലെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും രണ്ടാം ഭാഗം വലിയ വെല്ലുവിളിയാണ് തരുന്നതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.