രണ്ടടി മുന്നിലേക്ക് കയറുമ്പോള്‍ അഞ്ചടി താഴേക്ക് ചവിട്ടി താഴ്ത്തും; മലയാള സിനിമയില്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് ബാബുരാജ്

വില്ലനായി എത്തി പിന്നീട് മറ്റ് വേഷങ്ങളിലൂടെയും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സ് തീഴടക്കിയ താരമാണ് ബാബുരാജ്. നടന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജോജിയിലെ അഭിനയ മികവിന് ധാരാളം പ്രശംസകളാണ് ലഭിച്ചത്. ഇപ്പോഴിതാ കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടന്‍. തനിക്ക് മലയാള സിനിമയില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് രണ്ടര പതിറ്റാണ്ടായിട്ടും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഓരോ സമയവും കഴിയുമ്പോള്‍ തീര്‍ന്നു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ് താനെന്നും ബാബുരാജ് വ്യക്തമാക്കി. രണ്ട് അടി മുന്നിലേക്ക് കയറുമ്പോള്‍ അഞ്ച് അടി താഴേക്ക് ചവിട്ടി താഴ്ത്തും. പക്ഷെ ആരോടും പരാതി ഇല്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

” ഒരുപാട് വര്‍ഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും. എന്ത് ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു.

 

എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയില്‍ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്നം. സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ തന്നെ നില കൊള്ളാനാണ് സംവിധാനം, നിര്‍മാണം അടക്കം മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത്. പക്ഷെ അഭിനയമാണ് എനിക്ക് ഇഷ്ടം” – ബാബു രാജ് പറഞ്ഞു.