അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, ജഗതി ചേട്ടന്‍ ചെയ്യാനിരുന്ന റോള്‍ ഞാനാണ് ചെയ്തത്; അറിയാക്കഥ പങ്കുവെച്ച് ബാബുരാജ്

ഒരിക്കല്‍ താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകളാണ് വലിയ പ്രചോദനമായതെന്ന് നടന്‍ ബാബുരാജ്. മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊന്‍തൂവല്‍ നല്‍കാതെ പോകില്ലെന്നായിരുന്നു അന്ന് ഉദയന്‍ പറഞ്ഞതെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. ‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു.

ദിലീപ് ചെയ്യാമെന്നും പറഞ്ഞു . അവിടെ വച്ച് ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ’ എന്ന്. ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു,

‘വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കിക്കൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുള്ളൂവെന്ന്’. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. ജഗതി ചേട്ടന് അപകടം പറ്റിയപ്പോള്‍ ആ സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട് ജഗതി ചേട്ടന്‍ ചെയ്യാനിരുന്ന റോള്‍ ഞാനാണ് ചെയ്തത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.