അത് അവരുടെ വിഷയം; വിധു വിൻസെന്റ്- ഡബ്ല്യു.സി.സി വിവാദത്തിൽ ബി. ഉണ്ണികൃഷ്ണൻ

വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ വിമർശനവുമായി സംവിധായിക വിധു വിന്‍സന്റ് രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയ്ക്കു ഇരട്ടത്താപ്പ്, വരേണ്യനിലപാടുകള്‍ എന്നിവ ആരോപിച്ചാണ് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തു വിടുകയും ചെയ്തു.

ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മ്മിച്ചതാണ്  പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരിക്കുകയാണ്.

അത് അവരുടെ വിഷയമാണ്. അതുകൊണ്ട് തന്നെ  അതിലൊരു പ്രതികരണത്തിന് താത്പര്യമില്ല. ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.

ഈ മാസം നാലിനാണ് സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസെന്റ് വിമൻ ഇൻ സിനിമ കളക്ടീവിൽ നിന്ന് രാജിവെച്ചത്.

സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ലിയുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക്  പിന്തുണ നൽകുമെന്നും വിധു വ്യക്തമാക്കിയിരുന്നു .