'ഒ.ടി.ടി ചിത്രങ്ങള്‍ക്ക് ഫെഫ്ക എതിരല്ല, പക്ഷേ രജിസ്‌ട്രേഷന്‍ ഒഴിച്ചു കൂടാനാവാത്തത് ': ബി. ഉണ്ണികൃഷ്ണന്‍

തീയേറ്റര്‍ – ഓടിടി റിലീസുകള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ തന്നെയാണ് നടക്കുന്നത് ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. സംഘടന ഒടിടി ചിത്രങ്ങള്‍ക്ക് എതിരല്ലെന്നും തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരം ചിത്രങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കാര്യകാരണ സഹിതം ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

വേതനവുമായി ബന്ധപ്പെട്ടു ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി ജോലി ചെയ്യുന്നവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഇത്തരം സംവിധാനം ആവശ്യമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒടിടി റിലീസുകളും സിനിമകളും ഒരുമിച്ചു പോകണം എന്നാണ് ഫെഫ്ക എടുത്തിരിക്കുന്ന നിലപാട്. തിയറ്ററുകള്‍ക്കായി എടുത്ത ചിത്രങ്ങള്‍ തിയറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദര്‍ശിപ്പിക്കണമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഓടിടി വഴി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ ജോലി സാധ്യത ലഭിക്കുകയാണെന്നും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ അവയ്‌ക്കൊപ്പം മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ വന്നപ്പോള്‍ അത് അക്കാലത്ത് സിനിമയെ ബാധിക്കുമെന്ന പറച്ചിലുകള്‍ വ്യാപകമായിരുന്നു, പക്ഷേ ഇന്ന് അത് രണ്ടും ഒരുമിച്ചു പോകുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് സാഹചര്യം കണക്കിലെടുത്തു ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ ഡിസംബറില്‍ പുതുക്കേണ്ട വേതനകരാര്‍ 6 മാസത്തേക്കു കൂടി നീട്ടിയെന്നും ഫെഫ്കയുടെ 19 യൂണിയനുകളിലും വനിതകള്‍ക്കു ജോലി ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. വനിതകള്‍ക്കു ലഭ്യമായ ജോലികളെ കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നു എറണാകുളത്തു ക്യാംപ് നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.