രാഷ്ട്രീയം എനിക്ക് ചേരുന്ന പണിയല്ലെന്ന് പണ്ടേ ബോദ്ധ്യമായതാണ് , അതിന്റെ കാരണം ഇതായിരുന്നു: ആസിഫ് അലി

രാഷ്ട്രീയം തനിക്ക് ചേരുന്ന പണിയല്ലെന്ന് വളരെ മുമ്പേ മനസ്സിലാക്കിയിരുന്നുവെന്ന് നടന്‍ ആസിഫ് അലി. വാപ്പയില്‍ നിന്ന് തന്നെയാണ് താന്‍ അത് മനസ്സിലാക്കിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന വാപ്പയുടെ രാഷ്ട്രീയ ജീവിതത്തിലെ തിരക്ക് കണ്ടു ചെറുപ്പം മുതലേ തനിക്ക് അതില്‍ താത്പര്യം തോന്നിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ആസിഫ്

“രാഷ്ട്രീയം എനിക്ക് പണ്ടേ താത്പര്യമില്ലാത്ത കാര്യമാണ്. അതിന്റെ കാരണം എന്റെ വാപ്പ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്നതാണ്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ഞാന്‍ വാപ്പയുടെ തിരക്കൊക്കെ കണ്ടു വളര്‍ന്ന ആളാണ്.

എനിക്ക് എന്തോ അതൊക്കെ കണ്ടപ്പോള്‍ വലിയ താത്പര്യം തോന്നിയില്ല. പൊതുപ്രവര്‍ത്തനം വളരെ ക്ഷമ വേണ്ടുന്ന ഒരു കാര്യമാണ്. എല്ലാവര്‍ക്കും ചാടി കയറി ചെയ്യാവുന്ന കാര്യങ്ങളല്ല ഒരു രാഷ്ട്രീയക്കാരന്റേത്. അതിന് മറ്റേത് മേഖലയെക്കാളും ചിന്തയും ആര്‍ജ്ജവവും ആവശ്യമാണ്.

“മക്കള്‍ രാഷ്ട്രീയം” കേരളത്തില്‍ പൊതുവേയുണ്ടെങ്കിലും എനിക്ക് എന്തോ അതിലേക്ക് തിരിയാന്‍ തോന്നിയിട്ടില്ല. സിനിമയില്‍ കടന്നു കയറുക എന്നത് തന്നെയായിരുന്നു ആദ്യം തൊട്ടേയുള്ള മോഹം. അത് വീട്ടുകാരറിയാതെ സാധിക്കുകയും ചെയ്തു. എന്റെ ആദ്യസിനിമയായ ശ്യാമപ്രസാദ് സാറിന്റെ ഋതുവില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്കത് വീട്ടുകാരറിയാത്ത രഹസ്യമായിരുന്നു”. ആസിഫ് അലി പറയുന്നു