'അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി'; ആസിഫ് അലി

ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമര്‍ അക്ബര്‍ അന്തോണി തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് കൂട്ടുകെട്ട് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ഈ കൂട്ടകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിലും മികച്ച സ്വാധീനം ചെലുത്തിയത്. അത്ര മനോഹരമായിട്ടാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവര്‍ മനോഹരമാക്കിയത്. ഇപ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലി. ചിത്രത്തില്‍ അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നുമാണ് ആസിഫ് പറഞ്ഞത്. നാദിര്‍ഷയുടെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ഇക്കാര്യം ആസിഫ് പറഞ്ഞത്.

“അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, എന്നാല്‍ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയില്‍ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയില്‍ നായകന്മാരായ മൂന്നുപേര്‍ക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാന്‍ എനിക്ക് പ്രചോദനമായത്.” ആസിഫ് പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിംങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.