'ആ പെണ്‍കുട്ടികള്‍ വീണ്ടും വന്നേക്കുമെന്ന പ്രതീക്ഷയില്‍ മുകേഷേട്ടന്‍ നിന്നു, എന്നാല്‍..'; സംഭവം പറഞ്ഞ് ആസിഫ് അലി

നടന്‍ മുകേഷ് പറഞ്ഞു തന്ന ഒരു കഥ താന്‍ ഒരിക്കലും മറക്കില്ലെന്ന് ആസിഫ് അലി. നാടകം ചെയ്തിരുന്ന കാലത്തെ ഒരു രസകരമായ അനുഭവത്തെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ആസിഫ് അലി ഓര്‍ക്കുന്നത്. മുകേഷേട്ടന്‍ പറഞ്ഞു തന്ന ആ കഥയിലെ മോറല്‍ എത്ര കാലം കഴിഞ്ഞാലും താന്‍ മറക്കില്ലെന്നും ആസിഫ് പറയുന്നു.

ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കമാക്കിയത്. നാടകം കഴിഞ്ഞതിന് ശേഷം മുകേഷേട്ടനെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. അന്ന് കൂട്ടുകാര്‍ പറഞ്ഞതു പോലെ ചെയ്തു എന്നാണ് ആസിഫ് പറയുന്നത്.

മുകേഷേട്ടന്റെ കൂട്ടുകാര്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്, “”നീ ഇപ്പോള്‍ അവര്‍ക്ക് ഓട്ടോഗ്രാഫോ പരിചയപ്പെടാനുള്ള ചാന്‍സോ കൊടുക്കരുത്. നാളെ പത്രങ്ങളിലും മറ്റും നിന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ശേഷം അവര്‍ നിന്നെ കാണാന്‍ കഷ്ടപ്പെട്ട് വരണം”” എന്നാണ്.

കൂട്ടുകാരുടെ വാക്കുകള്‍ മുകേഷ് അനുസരിച്ചു. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്തയും വന്നില്ല. അന്ന് വൈകീട്ടും പിറ്റേന്നുമൊക്കെ ആ പെണ്‍കുട്ടികള്‍ വീണ്ടും പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനും വന്നേക്കുമെന്ന പ്രതീക്ഷയില്‍ നാടകം അവസാനിച്ച ടൗണ്‍ഹാളിന് മുമ്പില്‍ പോയി നിന്ന് നോക്കി.

എന്നാല്‍ മുകേഷേട്ടനെ കാണാന്‍ ആരും വന്നില്ല. ആസിഫ് അലി പറയുന്നു. നമ്മുടെ കൂട്ടുകാര്‍ ഇങ്ങനെ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്ന പോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി വ്യക്തമാക്കി.