പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്, സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ' എന്ന പരിഹാസവുമായി ചിലര്‍ വന്നു; തുറന്നുപറഞ്ഞ് അര്‍ച്ചന കവി

വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചെന്ന് നടി അര്‍ച്ചന കവി. മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പല സ്ത്രീകളും അവരുടെ സമാന ജീവിതാനുഭവങ്ങള്‍ തന്നെ എഴുതി അറിയിച്ചെന്നും ചിലര്‍ ധൈര്യമായി ചികിത്സ തേടാന്‍ ശ്രമിച്ചെന്നും അവര്‍ പറയുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷം തോന്നി. മറ്റു ചുരുക്കം ചിലര്‍ കുത്തുവാക്കുകളുമായി മുറിപ്പെടുത്തിയെന്നതും ശരിയാണ്. ‘പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ’ എന്ന പരിഹാസവുമായി ചിലര്‍ വന്നു. പക്ഷേ, സത്യത്തില്‍ സാധാരണ പെണ്ണുങ്ങള്‍ക്കുമുണ്ട് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍. അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളില്‍ വീര്‍പ്പുമുട്ടുകയാണ്.

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റി ജീവിക്കുന്നതിനിടയില്‍ എത്ര സ്ത്രീകള്‍ക്കു പറയാന്‍ കഴിയും, അവര്‍ ശരിക്കും റിലാക്‌സ്ഡ് ആണെന്ന്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അനുഭവിക്കുന്ന എത്രയേറെ മാനസിക പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കപ്പെടാതെ പോകുന്നത്. ഞാന്‍ സെലിബ്രിറ്റിയായതുകൊണ്ട് ഇതൊരു വാര്‍ത്തയായി. അല്ലാത്തവര്‍ ഇത് പുറത്തുപറയാന്‍ മടിക്കുന്ന രഹസ്യമാക്കി പൂഴ്ത്തിവയ്ക്കും. അത്രേയുള്ളു വ്യത്യാസം. അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.