അന്ന് സേവന കറി പൗഡര്‍ വിറ്റ് നടന്നു, പിന്നീട് സിനിമയില്‍ വില്ലനായി.. ഇവന്റെ പടം പൊട്ടിയെന്ന് അന്നൊന്നും ആരും പറയില്ലായിരുന്നു: അപ്പാനി ശരത്ത്

വളരെ ബുദ്ധിമുട്ടിയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് അപ്പാനി ശരത്ത്. ആദ്യം സേവന കറി പൗഡര്‍ വില്‍ക്കാനായാണ് അപ്പാനി ശരത്ത് അങ്കമാലിയില്‍ എത്തിയത്. എന്നാല്‍ അത് വര്‍ക്കൗട്ട് ആയില്ല. പിന്നീടാണ് ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ താരം സിനിമയിലേക്ക് എത്തുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് നടന്‍ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അപ്പാനി ശരത്തിന്റെ വാക്കുകള്‍:

ഞാന്‍ അങ്കമായിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ട്രെയ്ന്‍ ടിക്കറ്റ് എടുത്ത് വന്ന ആളൊന്നുമല്ല. ഞാന്‍ അങ്കമലായില്‍ ആദ്യം വരുന്നത് സേവന കറി പൗഡറിന്റെ കച്ചവടവുമായി ബന്ധപ്പെട്ടാണ്. അവിടെ വന്നിട്ട് ചാലക്കുടി, മറ്റൂര് എന്നിവിടങ്ങളിലൊക്കെ സേവന കറി പൗഡറിന്റെ ബിസിനസുമായി അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ട്. അതൊന്നും വര്‍ക്കൗട്ട് ആകാത്തതിനാല്‍ ആ ജോലിയൊക്കെ കളഞ്ഞ് തിരിച്ച് തിരുവനന്തപുരത്തേക്ക് ട്രെയ്ന്‍ കയറി പോകുമ്പോ അങ്കമാലി വച്ച് എന്റെ ഒരു ചെരുപ്പ് ട്രെയ്‌നിന്റെ അടിയിലായിപ്പോയി.

ഒരു ചെരുപ്പ് ട്രെയ്‌നിന്റെ അടിയിലായിപ്പോയാല്‍ പിന്നെ മറ്റേ ചെരുപ്പ് ഇടാന്‍ പറ്റില്ലല്ലോ. ആ ചെരുപ്പ് ഉപേക്ഷിച്ചിട്ട് ചെരുപ്പ് ഇടാതെയാണ് തിരുവനന്തപുരം വരെ യാത്ര ചെയ്തത്. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലടിയില്‍ വന്ന പിജി എടുത്തത്. അതേ അങ്കമാലിയില്‍ തന്നെ വില്ലനായി എത്തി. വളരെ എളുപ്പമുള്ളത് അല്ല സിനിമ. ഞാന്‍ സിനിമയിലേക്ക് വളരെ ബുദ്ധിമുട്ടിയാണ് വന്നത്.

Read more

പ്ലസ് ടു കഴിഞ്ഞിട്ട് ജോലിക്ക് ഇറങ്ങിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്ത് കിട്ടുന്ന ആയിരം രൂപ അമ്മയ്ക്ക് കൊടുത്തിട്ട് വൈകുന്നേരം നാടകത്തില്‍ അഭിനയിക്കാന്‍ പോകും. അന്ന് എന്നെ ആരും കുറ്റം പറയില്ല, കളിയാക്കില്ല. ഇവന്റെ സിനിമ പൊട്ടിയെന്നോ, ഇവന്റെ പടം ഒരു ദിവസം പോലും ഓടിയില്ല എന്നൊന്നും ആരും പറയില്ല. അന്ന് എനിക്ക് കൂടുതല്‍ സന്തോഷമായിരുന്നു.