ട്രാന്‍സില്‍ പുതിയൊരു അമലിനെ കാണാം: അന്‍വര്‍ റഷീദ്

ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അമല്‍ നീരദാണ്. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരുപാട് വിഷ്വലുകല്‍ സമ്മാനിച്ച അമല്‍ നീരദിന്റെ പുതിയൊരു ശൈലി ട്രാന്‍സില്‍ കാണാമെന്നാണ് അന്‍വര്‍ പറയുന്നത്.

“ട്രാന്‍സ് അമലിന്റെ സിനിമാട്ടോഗ്രഫി വളരെ ആവശ്യമുള്ള ഒരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ നിങ്ങള്‍ കണ്ടിട്ടുള്ള അമലിന്റെ വര്‍ക്കിംഗ് പാറ്റേണിലുള്ള ഒരു ചിത്രമായിരിക്കില്ല ഇത്. മറ്റാരും കണ്ടിട്ടില്ലാത്ത അമലിന്റെ ഒരുപാട് വര്‍ക്കുകള്‍ ഞാന്‍ കണ്ടിട്ടുള്ളതുകൊണ്ടും ഒരുപാട് കാലമായി അമലിനെ അറിയാവുന്നതു കൊണ്ടും ട്രാന്‍സില്‍ പുതിയൊരു അമലിനെ കാണാം.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.

ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.