സൂപ്പര്‍ ഡീലക്‌സ് വിസ്മയിപ്പിച്ചു, ഭാഗമാകാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്; മക്കള്‍ സെല്‍വന്‍- ഫഹദ് ഫാസില്‍ സിനിമയെ കുറിച്ച് അനുരാഗ് കശ്യപ്

ആരണ്യകാണ്ഡത്തിനു ശേഷം എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ട ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. സൂപ്പര്‍ ഡീലക്‌സ് തന്നെ വിസ്മയിപ്പിച്ചെന്നും എന്നാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതിനാല്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിജയ് സേതുപതിയോടൊപ്പം ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംവിധായകന്‍ തന്നെ രചിച്ച ഈ അഡീഷണല്‍ സ്‌ക്രീന്‍ പ്ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

മലയാളത്തിന്റെ പ്രിയ നായകന്‍ ഫഹദ് ഫാസിലും തമിഴരുടെ സ്വന്തം ‘മക്കള്‍ സെല്‍വന്റെ’ ട്രാന്‍സ്ജെന്‍ഡര്‍ വേഷവും ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം മാര്‍ച്ച് 29ന് തിയേറ്ററുകളിലെത്തും.