‘കാലത്തും മീന്‍ കൂട്ടുന്ന എന്നോടോ ബാലാ ‘; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ‘ബേബിമോള്‍’ കൗണ്ടറുകളുടെ ഉസ്താദ്

Gambinos Ad
ript>

ഫഹദ് ഫാസില്‍ വില്ലന്‍ ചുവയുള്ള വേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ലോക സിനിമയ്ക്ക് മലയാള സിനിമ നല്‍കുന്ന ഉത്തരമാണ് ഈ ചിത്രമെന്നുവരെയാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അന്നാ ബെന്‍. ചിത്രത്തിലെ അന്നയുടെ കൗണ്ടറുകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇത്തരത്തിലുള്ള കൗണ്ടറുകള്‍ തൊടുക്കാറുണ്ടെന്നാണ് അന്ന പറയുന്നത്.

Gambinos Ad

‘ബേബിമോളും ഞാനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. ബേബി മോളുടെ പോലെ തന്നെ സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാനും. ജീവിതത്തിലും ഇതുപോലെയൊക്കെയുള്ള സിനിമ ഡയലോഗുകള്‍ ഞാനും പറയാറുണ്ട്. നാടന്‍ പെണ്‍കുട്ടിയാണെങ്കിലും പുരോഗമന ചിന്താഗതിയുള്ള കഥാപാത്രമാണ് ബേബി മോള്‍. ഞാനും അതുപോലെ തന്നെയാണ്. ചിന്തയിലും വാക്കിലുമൊക്കെ ബേബി മോള്‍ പുലര്‍ത്തുന്ന വ്യക്തത ഞാനും പാലിക്കാറുണ്ട്. ചിത്രത്തില്‍ കൈയടി നേടിയ ആ കൗണ്ടര്‍ അടികളുടെ ക്രെഡിറ്റ് തിരക്കഥാകൃത്ത് ശ്യാം ചേട്ടനാണ്. ഓരോന്നും എങ്ങനെ ചെയ്യണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും. അതുകൊണ്ടാണ് എനിക്ക് ‘കാലത്തും മീന്‍ കൂട്ടുന്ന എന്നോടോ ബാലാ’ ഒക്കെ ഭംഗിയായി ചെയ്യാന്‍ സാധിച്ചത്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അന്ന പറഞ്ഞു.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. സിനിമ അപരിചിതമല്ലെങ്കില്‍ പോലും ആദ്യമായി അഭിനയിച്ച സിനിമയ്ക്കും ബേബി മോള്‍ക്കും ലഭിക്കുന്ന പ്രശംസയുടെ സന്തോഷത്തിലാണ് താനെന്നും അന്ന പറയുന്നു. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.