ഒരു വാക്ക്..; അഞ്ചാം പാതിര കണ്ട പ്രേക്ഷകരോട് സംവിധായകന്‍ മിഥുന്റെ അഭ്യര്‍ത്ഥന

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിഥുന്‍ മാനുവലില്‍നിന്ന് ലഭിച്ച സര്‍പ്രൈസ് എന്നാണ് “അഞ്ചാം പാതിരാ”യെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍. എന്നാല്‍ ആദ്യദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന മുന്നോട്ടുവച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.

കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ സ്പോയ്ലേഴ്സ് ഇടരുതെന്ന് അഭ്യര്‍ഥിക്കുന്നു മിഥുന്‍. ഒപ്പം ചിത്രം തീയേറ്ററുകളില്‍ത്തന്നെ കാണാന്‍ ശ്രമിക്കണമെന്നും. “ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും നല്ല തീയറ്റര്‍ അനുഭവം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്ന സിനിമയാണ്… പ്രേക്ഷകരോട് ഒരു വാക്ക്.. സ്പോയിലേര്‍സ് ഇടരുത്.. And also, the film wont come in amazon or netflix.. – So, watch it in theatres itself..”, മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്റേത് തന്നെയാണ് രചന. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.