വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു, അയാള്‍ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു: ആന്‍ഡ്രിയ ജെറമിയ

അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരയായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്‍ഡ്രിയ ശ്രദ്ധേയയായി. എന്നാല്‍ കുറച്ചു കാലമായി അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന ആന്‍ഡ്രിയ താന്‍ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രണയ പരാജയമാണ് ഇതിനു കാരണമായതെന്നും ആന്‍ഡ്രിയ പറഞ്ഞു.

‘വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു.’ ബാംഗ്ലൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആന്‍ഡ്രിയ പറഞ്ഞു.

താരാമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന് ആന്‍ഡ്രിയ കാ, വട്ടം, മല്ലികൈ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.