'എനിക്ക് ഭാരം 45 കിലോ, സാരിയും ആഭരണങ്ങളും കൂടി 15 കിലോ, നേരെ ചൊവ്വേ ശ്വാസം വിടാന്‍ പോലും കഴിഞ്ഞില്ല'

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ടുകെട്ട് ഒരുമിച്ച ചിത്രമായിരുന്നു ആദ്യരാത്രി. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ യുവതാരം അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ വധുവായുള്ള അണിഞ്ഞൊരുങ്ങല്‍ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് അനശ്വര പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിലെ നവവധുമായി അണിഞ്ഞൊരുങ്ങിയ ചിത്രം പങ്കുവെച്ചാണ് അനശ്വരയുടെ കുറിപ്പ്.

അനശ്വരയുടെ കുറിപ്പ്…

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

ആദ്യരാത്രി സിനിമയില്‍ ഞാന്‍ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതു കാരണം ചൊറിയുകയുമാണ്. സത്യത്തില്‍ നേരെചൊവ്വേ ശ്വാസം വിടാന്‍ പോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി അല്‍പം നിയന്ത്രണം വെയ്ക്കണം.

https://www.instagram.com/p/B4y8p9hpNSl/?utm_source=ig_web_copy_link