‘ഉപയോഗിക്കാതിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടോ?’; ഫോണ്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങരുത്, കൈത്താങ്ങാകാന്‍ മമ്മൂട്ടി

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി മമ്മൂട്ടി. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗയോഗ്യമായ മൊബൈലുകള്‍ കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ‘വിദ്യാമൃതം’ എന്ന പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു.

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മമ്മൂട്ടി അറിയിച്ചത്. ഫോണ്‍, ലാപ്‌ടോപ് എന്നിവ ആവശ്യക്കാരിലേക്ക് എത്തിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്.

”സ്മാര്‍ട്ട്‌ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗ യുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെ നിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു” എന്ന് മമ്മൂട്ടി കുറിച്ചു.

അതേസമയം, കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. അവര്‍ പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ചു തുടര്‍ നടപടികള്‍ക്ക് സഹായിക്കും.