'ഞാന്‍ ഒരു ബന്ധത്തിലാണ്, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും  ത്യജിച്ചു'; പ്രണയം വെളിപ്പെടുത്തി അമല പോള്‍

തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും “ആടൈ” എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

“ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് “ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,” എന്നാണ്,” അമല വെളിപ്പെടുത്തി. “ആടൈ” മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ത്ഥ സ്‌നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്‌നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.”

“എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്.” അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞു.

അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു. അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് അമല രംഗത്ത് വന്നിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.