എന്തുകൊണ്ട് നയന്‍താരയെന്ന് ചോദ്യം; വ്യക്തമായ മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്തി. അത്തരത്തിലുള്ള ഒരു കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

‘മലയാളത്തില്‍ ഇത്രയും കഴിവുള്ള നടിമാര്‍ ഉണ്ടായിട്ടും എന്തിനാണ് നയന്‍താര?’ എന്ന കമന്റിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘നയന്‍താര ജപ്പാന്‍കാരി ആണല്ലോ. എന്റെ അറിവില്‍ പുള്ളിക്കാരി മലയാളിയാണ്. നല്ല കഴിവും ഉണ്ട്. എന്റെ സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് അത് മനസ്സിലാവുകയും ചെയ്തു ബ്രോ’, അല്‍ഫോണ്‍സ് പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ച് 360 ഡിഗ്രി ആംഗിളില്‍ ഉള്ള കളര്‍ ഫുള്‍ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്. എന്നാല്‍, പോസ്റ്റര്‍ ഹോളിവുഡ് ചിത്രമായ എവെരിതിങ് എവെരിതിങ് ഓള്‍ അറ്റ് വണ്‍സിന്റെ പോസ്റ്ററിന്റെ അതെ രീതിയിലാണ് എന്ന് പറഞ്ഞയാള്‍ക്കും അല്‍ഫോണ്‍സ് മറുപടി നല്‍കുന്നുണ്ട്. എവെരിതിങ് എവെരിതിങ് ഓള്‍ അറ്റ് വണ്‍സിന്റെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് ‘എവിടെയോ എന്തോ ഛായകാച്ചല്‍’ എന്നായിരുന്നു കമന്റിട്ടിരുന്നത്.