അല്ലു അര്‍ജുന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, അദ്ദേഹം നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാന്‍ അത് ചെയ്തത്: സാമന്ത

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ‘പുഷ്പ’യിലെ ഐറ്റം നമ്പര്‍ ചെയ്തതെന്ന് നടി സാമന്ത. പുഷ്പ സിനിമയ്‌ക്കൊപ്പം തന്നെ സാമന്ത ചുവടു വച്ച ‘ഊ അണ്ടവാ’ എന്ന ഗാനവും ഓളം സൃഷ്ടിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറയുന്നത്.

തനിക്ക് പല ഇന്‍ഹിബിറ്റേഷന്‍സും ഉണ്ടായിരുന്നു. പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടിയും. പക്ഷെ അല്ലു അര്‍ജുന്‍ തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നാണ് സമാന്ത പറഞ്ഞത്.

സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്ത ഈ ഗാനത്തില്‍ അഭിനയിച്ചത്. ഒന്നര കോടി രൂപയാണ് ഒരൊറ്റ ഗാനരംഗത്ത് അഭിനയിക്കുന്നതിന് വേണ്ടി താരം വാങ്ങിയ പ്രതിഫലം എന്നതും വാര്‍ത്തയായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഒരു ബോളിവുഡ് താരമാകും ഐറ്റം സോംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തിയ പുഷ്പ ജനുവരി 7ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്.

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുഷ്പ ദ റൈസ്’ ആണ് ഡിസംബര്‍ 17ന് തിയേറ്റില്‍ റിലീസ് ചെയ്തത്. രശ്മക മന്ദാനയാണ് ചിത്രത്തില്‍ നായിക.