'സോഷ്യല്‍ മീഡിയ വന്നതോടെ ട്രെയിന്‍ ടോയിലറ്റ് ക്ലീയറായി, ടോയിലറ്റ് സാഹിത്യമെല്ലാം ഫെയ്‌സ്ബുക്കിലും'

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ പദവി നെയ്‌തെടുത്തത് കഷ്ടപ്പെട്ടാണെന്ന് നടന്‍ അലന്‍സിയര്‍ ലേ ലോപ്പസ്. സിനിമ, രാഷ്ട്രീയം, കല തുടങ്ങിയ വിഷയങ്ങളില്‍ ന്യൂസ് 18 കേരളയുടെ ലല്ലു സ്പീക്ക്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. സോഷ്യല്‍ മീഡിയ എത്തിയതോടെ ടോയിലെറ്റ് സാഹിത്യം ട്രെയിനുകളില്‍നിന്ന് അപ്രത്യക്ഷമായി. അതൊക്കെ ഇപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലാണെന്നും അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയറിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം

എന്റെ രാഷട്രീയം മാനവികതയുടേതാണ്. കൊല്ലുന്നതിനും കണ്ണു കുത്തിപ്പൊട്ടിക്കുന്നതിനും എല്ലാം ഞാനെതിരാണ്. ആരാണോ മനുഷ്യ സ്നേഹത്തിനു വേണ്ടിയും മനുഷ്യര്‍ക്ക് വേണ്ടിയും വര്‍ത്തമാനം പറയുന്നത് ഞാന്‍ അവരുടെ കൂടെ നില്‍ക്കും. അവരെ എതിര്‍ക്കുന്നവരെ ഞാന്‍ എതിര്‍ക്കും. ഞാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെ രാഷ്ട്രീയ നാടകം കളിച്ചിട്ടുണ്ട്. ഞാന്‍ ഈ സംഘികള്‍ക്കെതിരെ മാത്രമല്ല നാടകം ചെയ്യുന്നത്. അതിന് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും എന്റെ കുറ്റമല്ല. അവരുടെ കുറ്റമാണ്. അവരെന്തോ അപരാധം ചെയ്യുന്നു എന്ന് മാധ്യമങ്ങള്‍ക്കും തോന്നുന്നതുകൊണ്ടാണ് അവര്‍ക്കെതിരെ പറയുന്ന വാക്കുകള്‍ ഇത്രയും രൂക്ഷമായി അളുകള്‍ക്കിടയിലേക്ക് എത്തുന്നത്. അത് വേണം. ഭാരതീയനായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍. വൈവിധ്യ ജനാധിപത്യരാജ്യത്ത് ഏക മതവാദവും ഏക രാഷട്രീയവാദവും വരുന്നത് അപകടമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും.

അസിഹിഷ്ണുതയുടെ ലോകത്താണ് നാം ജീവിക്കുന്നത്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വീട്ടിലിരിക്കുന്ന അമ്മയെയും ഭാര്യയേയും ആക്രമിക്കുന്നത് സോഷ്യല്‍ മീഡിയ വഴി. ഇപ്പോള്‍ അശ്ലില സാഹിത്യം ട്രെയിനിലെ ടോയിലറ്റില്‍ കാണാന്‍ കഴിയില്ല. എല്ലാം ഫെയ്സ്ബുക്കിലാണ്. ഇപ്പോള്‍ ട്രെയിനിലെ ടോയ്ലറ്റ് ക്ലിയറായി.

ഒളിയാക്രമണം നടത്താതെ മുന്നോട്ട് വരൂ. സംവാദം നടത്താം. വെട്ടിക്കൊന്ന് കളയാം എന്നുപറയുന്നിടത്ത് വിളിച്ചു പറയാനുള്ള തന്റേടം എനിക്കുണ്ട്. ഇനിയും ഞാന്‍ ചെയ്യും.

കമല്‍ എന്ന വ്യക്തി പറഞ്ഞ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ജാതിയും മതവും നോക്കി കണ്ടുപിടിക്കുകയാണ്. അതു ഇന്ത്യ ഭരിക്കുന്ന രാഷട്രീയ കക്ഷിയുടെ നേതാവ്. ഇതേ പോലെ എം.ടിയേയും വ്യക്തിഹത്യ നടത്തി. മതത്തിന്റെ പേരില്‍ രാഷട്രീയം വന്നു. പാകിസ്താനിലേക്ക് നാടുകടത്തിക്കളയും എന്നു പറയുന്നതിന്റെ അപകടം വലുതാണ്.

പാസ്പോര്‍ട്ടില്‍ ലോപ്പസ് എന്ന പേരുകൂടി ചേര്‍ത്തത് ഭാരതത്തില്‍ ഇങ്ങനെയും ആളുകള്‍ ജീവിച്ചിരുന്നു എന്നു പറയാനാണ്. നായരും പിള്ളയും മേനോനും ഉള്ളതു പോലെ തന്നെ ഇപ്പുറത്ത് ലോപ്പസും പെരേരയും ഫര്‍ണാണ്ടസുമൊക്കെ ഐഡന്റിറ്റി ഭാരതത്തിന്റെതാണ്.

കേരളത്തിലെ സംസ്‌കാരത്തിലേക്ക് പൂണുലും കുടുമയും വീണ്ടും തിരിച്ചുവരികയാണ്. ജാതി രാഷട്രീയം കടന്നുവരികയാണ്. കേരളം ഭരിച്ച വലതും ഇടതും ഉത്തരവാദികളാണ്. അധികാര പ്രീണനമാണ് നടക്കുന്നത്. ന്യൂനിപക്ഷ ഭൂരിപക്ഷ പ്രീണനം. ഇവരില്‍ നിന്നും ആളുകള്‍ അവരുടെ മതത്തിലും ജാതിയിലെത്തിച്ചേരാന്‍ തുടങ്ങി.

ഇടത് പക്ഷം ക്ഷയിക്കുന്നിടത്ത് ഫാസിസം വളരും. ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാവരുത്.

സമൂഹത്തില്‍ ഉള്ളതേ സിനിമയിലും ഉള്ളൂ. സമൂഹത്തില്‍ സ്ത്രീപീഡനമുണ്ടോ അതേ പീഡനമേ സിനിമയിലുള്ളു. അതില്‍ വളരെ കുറവാണ് സിനിമയില്‍ ഉള്ളത്. വളരെ മോഹിച്ചാണ് സിനിമയില്‍ എത്തിയത്. പക്ഷെ പേരുദോഷം മാത്രമേ ബാക്കിയുള്ളു. ഇതിനേക്കാള്‍ അന്ന് പാതിരിയാകാന്‍ പോയെങ്കില്‍ ഗുണമുണ്ടായേനെ. എന്തൊരു പകയും കുശുമ്പുമാണ് ഞങ്ങളോട്. എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്.

വെളിപാടിന്റെ പുസത്കത്തില്‍ പുലര്‍ച്ചെ നാല് മണിവരെ ഷൂട്ട് നടക്കുകയാണ്. സ്റ്റണ്ട് സീനാണെടുക്കുന്നത്. അതു കൃത്രിമ മഴയില്‍. ഞാന്‍ ലാലേട്ടനോട് ചോദിച്ചു. ഉറക്കം കളഞ്ഞ് ഇങ്ങനെ പുലര്‍ച്ചവരെ ഇങ്ങനെ അഭിനയിക്കുന്നത്. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. മടുത്തില്ല മടുത്താല്‍ തീര്‍ന്നു, ഞാനിതിഷ്ടപ്പെടുന്നു. അവരുണ്ടാക്കിയെടുത്ത, അവരു കഷ്ടപ്പെട്ടുണ്ടാക്കിയ കുപ്പായം തന്നെയാണ് അവര്‍ നെയതെടുത്തിരിക്കുന്നത്.

പാര്‍വതി വിഷയത്തില്‍ മമ്മൂട്ടി കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഒളിയാക്രണം നടത്തി വാര്‍ത്തയാക്കി, ഒരഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍വതി സത്രീയായതുകൊണ്ടാണ് ഇത്രയും അക്രമണത്തിനിരയായത്. സത്രീദുര്‍ബല എന്ന കാലമൊക്കെ പോയി. പെണ്ണൂങ്ങള്‍ക്ക ചങ്കൂറ്റമുള്ള കാലം വന്നു അതുകൊണ്ടാണല്ലോ അവര്‍ കേസുകൊടുക്കാനൊക്കെ തയ്യാറായത്. എന്തിനാണ് പാര്‍വതിയുടെ അഭിപ്രായത്തെ ഫാനുകള്‍ ഏറ്റെടുക്കുന്നത്. സിനിമയില്‍ സത്രീവിരുദ്ധ പെരുമാറ്റം മഹത്വവത്കരിക്കുന്നത് അപകടകരമാണ്. പാര്‍വതിയുടെ അഭിപ്രായം കൊണ്ട് ഒലിച്ചുപോകുന്നതല്ല മമ്മൂട്ടിയുടെ വ്യക്തിത്വം. വ്യക്തിപരമായി സ്ത്രീകളെയും മറ്റ് മനുഷ്യരെയും ബഹുമാനിക്കുന്ന ആദരിക്കുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല.