'ഇന്ത്യന്‍ നായകള്‍ ചാവാലികളാണെങ്കില്‍ അത് വിളിക്കുന്നവനും ഇന്ത്യക്കാരനല്ലേ, അവനും ചാവാലിയല്ലേ'

പതിനെട്ടാം പടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. ഉദ്ഘാടന പരിപാടിയ്ക്ക് വളര്‍ത്തുനായ “വീരനു”മായെത്തിയ അക്ഷയിനെ വിമര്‍ശിച്ച അധ്യാപിക രംഗത്ത് വന്നതും അതിന് താരം മറുപടി നല്‍കിയതും വാര്‍ത്തയായിരുന്നു. താന്‍ സിനിമാ താരം ആവുന്നതിന് മുമ്പ് നാട്ടുകാരോ എന്തിന് ചില ബന്ധുക്കള്‍ പോലും കൂടെ ഇല്ലാതിരുന്ന സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നത് വീരന്‍ മാത്രമായിരുന്നു എന്നും അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരന്‍ ആണെന്നുമായിരുന്നു അന്ന് അക്ഷയ് പറഞ്ഞത്.

അക്ഷയിയെ പോലെ സോഷ്യല്‍ മീഡിയയിലൊക്കെ അക്കൗണ്ടുള്ള ഒരു കുട്ടിത്താരമാണ് വീരന്‍. ഇന്ത്യന്‍ നായകളെ പ്രൊമോട്ട് ചെയ്യുന്ന രീതിയില്‍ വീരനെ വെച്ച് വീഡിയോകള്‍ ഒക്കെ ചെയ്യാറുണ്ടെന്ന് അക്ഷയ് പറയുന്നു. “ചിലര്‍ക്ക് ഇന്ത്യന്‍ നായകളോട് പുച്ഛമാണ്. ചിലര്‍ ചാവാലികള്‍ എന്നൊക്കെ വിളിക്കും. ഈ വിളിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു. ഇന്ത്യന്‍ നായകള്‍ ചാവാലികളാണെങ്കില്‍ അത് വിളിക്കുന്നവനും ഇന്ത്യക്കാരനല്ലേ, അവനും ചാവാലിയല്ലേ.” മനോരമയുമായുള്ള അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞു.

Read more

ഉദ്ഘാടന പരിപാടി സംബന്ധമായി ഉണ്ടായ വിവാദങ്ങളോടും അക്ഷയ് പ്രതികരിച്ചു. “നമ്മള്‍ എന്ത് കാര്യങ്ങള്‍ ചെയ്താലും കുറച്ച് നെഗറ്റീവ്‌സ് ഉണ്ടാകും. അതിനെ ശരിക്കും ഒഴിവാക്കി വിടേണ്ട കാര്യമേ ഉള്ളു. ഞാന്‍ അതിന് മറുപടി കൊടുത്തത്, വിരനെ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. വീരനെയും എന്നെയും ഗസ്റ്റ് ആയി വിളിച്ചതാണ്. വീരന്‍ ആദ്യമായിട്ടൊന്നുമല്ല ഗസ്റ്റായി പോകുന്നത്. ഇതിനു മുമ്പും പല കോളേജുകളിലും വീരന്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്.” അക്ഷയ് പറഞ്ഞു.