'പ്രിയദര്‍ശനും ഷാജി കൈലാസും വിറ്റുകൊണ്ടിരുന്നത് സവര്‍ണ ഹൈന്ദവ പ്രതീകങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഇടതുപക്ഷ പ്രതീകങ്ങള്‍ ആണ്'

ചെങ്കൊടി കാണുമ്പോഴും മുദ്രാവാക്യം കേള്‍ക്കുമ്പോഴും ചിലരുടെയൊക്കെ ചോര തിളയ്ക്കും. ഇത് വിറ്റ് കാശാക്കുക എന്നതാണ് ഈയിടെ മലയാളത്തില്‍ ഇറങ്ങിയ ഇടതുപക്ഷ ലേബലുള്ള സിനിമകളൊക്കെ ചെയ്തതെന്ന് ഈടയുടെ സംവിധായകന്‍ ബി അജിത്കുമാര്‍. മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അജിത് ഇക്കാര്യം പറഞ്ഞത്.

“മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വാങ്ങാന്‍ തയാറായിട്ടുള്ളതെല്ലാം അവര്‍ വില്‍ക്കും. മുന്‍പ് അത് പ്രിയദര്‍ശനും ഷാജി കൈലാസും അടക്കമുള്ളവര്‍ വിറ്റുകൊണ്ടിരുന്ന സവര്‍ണ ഹൈന്ദവ പ്രതീകങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഇടതുപക്ഷ പ്രതീകങ്ങള്‍ ആണെന്ന് മാത്രം. ഇത് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. കാരണം, എന്റെ സിനിമ ഈ രീതിയില്‍ ഇടതുപക്ഷത്തെ വില്‍പ്പനചരക്കാക്കുന്ന ഒന്നല്ല” – അജിത്കുമാര്‍ പറഞ്ഞു.

“ചുവന്നകൊടി കൊണ്ട് ഒരു ശവശരീരത്തെ പുതപ്പിച്ചത് കൊണ്ട് അത് കമ്മ്യൂണസമാവില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനും ന്യായീകരിക്കാനാവാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു കഥാപാത്രം സിനിമയില്‍ വരുന്നുണ്ട്. മറുവശത്ത് സംഘപരിവാര്‍ ചെയ്യുന്നതും ഇതൊക്കെ തന്നെയാണ്”- അജിത് കുമാര്‍ പറഞ്ഞു.

“രണ്ടു ശക്തികള്‍ അധികാരത്തിന് വേണ്ടി നടത്തുന്ന മത്സരമാണ്. അതില്‍ കമ്മ്യൂണിസവുമില്ല, ഹിന്ദുത്വം പോലുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടു ചേരികളില്‍നിന്നും ഒരേ അകലം പാലിക്കുകയല്ല ഈ സിനിമ. അവയ്ക്ക് അപ്പുറം, മനുഷ്യപക്ഷത്തുനിന്നും കാര്യങ്ങളെ കാണാന്‍ ശ്രമിക്കുകയാണ്. ഒരുപക്ഷെ, യഥാര്‍ത്ഥ ഇടതുപക്ഷ നിലപാട് ഇതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു” – അജിത് പറഞ്ഞു.

“ഏത് അക്രമസംഭവം ഉണ്ടായാലും സ്വന്തം ഭാഗം ന്യായീകരിക്കുകയും മറുവശത്തുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുക എന്നത് പൊതുവായി നടക്കുന്ന കാര്യമാണ്. കേരളത്തില്‍ സിപിഎം തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നു എന്ന് ഇന്ത്യ മുഴുവന്‍ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപി തങ്ങള്‍ കൊന്നവരെ പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല. തങ്ങളുടെ രക്തസാക്ഷികളുടെ കണക്ക് കാണിക്കുന്നതിനപ്പുറം സിപിഎമ്മും പോവാറില്ല. പക്ഷെ, തങ്ങളുടെ സ്‌കോര്‍ നിലനിര്‍ത്തുന്നതില്‍ ഇരുകൂട്ടരും ഒരുപോലെ ശ്രദ്ധിക്കാറുണ്ട് എന്നതാണ് സത്യം” – അജിത് കൂട്ടിച്ചേര്‍ത്തു.