‘എന്റെ കാമുകന്‍ ആരാണെന്നു പറയൂ, അതറിയാന്‍ എനിക്ക് തിടുക്കമായി’; നടനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി ഐശ്വര്യ രാജേഷ്

‘കാക്കമുട്ടൈ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. എന്നാല്‍ ഐശ്വര്യ മലയാളികള്‍ക്ക് സുപരിചിതയായത് ദുല്‍ഖര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങളി’ലൂടെയും നിവിന്‍ പോളിയുടെ ‘സഖാവി’ലൂടെയുമാണ്. അടുത്തിടെ ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യ.

താന്‍ ഒരു നടനുമായി പ്രണയിത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഐശ്വര്യ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
‘എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അതറിയാന്‍ എനിക്ക് തിടുക്കമായി. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയായിരിക്കും. ഇപ്പോഴും ഞാന്‍ സിംഗിളാണ്, സന്തോഷവതിയുമാണ്’, ഐശ്വര്യ ട്വീറ്റ് ചെയ്തു.

ഗൗതം മേനോന്റെ ‘ധ്രുവ നച്ചത്തിരം’, രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ ‘ഇത് വേതാളം സൊല്ലും കഥൈ’ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഐശ്വര്യയുടേതായി ഈ വര്‍ഷം ഒരുങ്ങുന്നുണ്ട്.