എനിക്കറിയാം, ആ സിനിമ ചെയ്തിരുന്നെങ്കില്‍ ജനം എന്നെ വളഞ്ഞിട്ട് തല്ലിയേനെ: വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്

പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയ്ക്ക് ബോളിവുഡിലെ ആദ്യ ബ്രേക്ക് ലഭിക്കുന്നത്. പിന്നീട് ഐശ്വര്യയെ നായികയാക്കാന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ക്യൂ നില്‍ക്കുകയായിരുന്നു. കരിയറില്‍ ഹിറ്റുകള്‍ ധാരാളമുള്ളത് പോലെ തന്നെ ഐശ്വര്യ നിരസിച്ച സിനിമകളും ഒരുപാടുണ്ട. ് അതുപോലെ ഐശ്വര്യ തുടക്കകാലത്ത് തന്നെ വേണ്ടെന്ന് വച്ച ഒരു സിനിമ പിന്നീട് ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറി. ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയും പ്രധാന വേഷത്തിലെത്തിയ കുച്ച് കുച്ച് ഹോത്താ ഹേയായിരുന്നു ആ ചിത്രം.

കുച്ച് കുച്ച് ഹോത്താ ഹേ പോലൊരു സിനിമ ഐശ്വര്യ നിരസിച്ചത് പലരേയും അമ്പരപ്പിച്ചിരുന്നു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് താന്‍ കുച്ച് കുച്ച് ഹോത്താ ഹേ നിരസിച്ചതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

”തുടക്കക്കാരിയായിരുന്നുവെങ്കിലും എന്നെ താരതമ്യം ചെയ്തിരുന്നത് മുതിര്‍ന്ന നടിമാരുമായിട്ടായിരുന്നു. ഞാന്‍ ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ അതൊക്കെ നഷ്ടമാകുമായിരുന്നു. മോഡലിംഗ് കാലത്ത് ചെയ്തിരുന്നത് തന്നെ ചെയ്യുന്നതിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ എന്ന് പറയും. മുടി സ്ട്രെയിറ്റ് ചെയ്ത്, മിനി സ്്കേര്‍ട്ട് ധരിച്ച്, ക്യാമറയെ നോക്കി കണ്ണിറുക്കിയും ചിരിച്ചുമൊക്കെ നടക്കുകയാണ് എന്ന് പറയുമായിരുന്നു.

ഒടുവില്‍ ഹീറോ യഥാര്‍ത്ഥ വ്യക്തിയിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യും. എനിക്കറിയാം കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ എന്നെ ആളുകള്‍ വട്ടം കൂടി നിന്ന് തല്ലുമായിരുന്നു” എന്നാണ് ഐശ്വര്യ പറയുന്നത്.

കരണ്‍ ജോഹര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ടീന എന്ന കഥാപാത്രമായി കരണ്‍ മനസില്‍ കണ്ടിരുന്നത് തന്റെ അടുത്ത സുഹൃത്തും നടിയുമായ ട്വിങ്കിള്‍ ഖന്നയെയായിരുന്നു. ടീനയുടെ വേഷം ട്വിങ്കിളും വേണ്ടെന്ന് വച്ചതോടെ കരണ്‍ സമീപിച്ചത് ഉര്‍മിള മണ്ടോദ്കറിനേയും തബുവിനേയുമായിരുന്നു. പിന്നെയാണ് ഐശ്വര്യയിലേക്ക് കരണ്‍ എത്തുന്നത്.

എന്തായാലും ടീനയായി ആരെ കൊണ്ടു വരുമെന്ന ആശങ്കയിലിരിക്കുന്ന കരണിനോട് റാണി മുഖര്‍ജിയുടെ പേര് പറയുന്നത് ആദിത്യ ചോപ്രയാണ്. അതോടെ ഷാരൂഖിനും കജോളിനുമൊപ്പം ടീനയായി റാണി മുഖര്‍ജിയും കുച്ച് കുച്ച് ഹോത്താ ഹേയിലെത്തി.