എനിക്ക് അതിലെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വമുണ്ട്, 50 കോടി തന്നാലും എന്റെ വിശ്വാസ്യത കളയാനില്ല: അഹാന കൃഷ്ണ

മലയാളസിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ രണ്ട് മില്യണിലധികം ഫോഴോവേഴ്സ് ഉള്ള താരമായതിനാല്‍ അത്തരത്തിലുള്ള ഉത്തരവാദിത്തവും താന്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

ഫില്‍മി ഹുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ആദ്യമൊന്നും ഇക്കാര്യങ്ങള്‍ താന്‍ ശ്രദ്ധിച്ചിട്ടില്ലെങ്കിലും, പിന്നീട് പല സ്ഥലങ്ങളില്‍ വെച്ചും ആളുകള്‍ തന്റെ വീഡിയോയെ പറ്റി പറയുന്നത് കേട്ടതോടെ താന്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാന്‍ തുടങ്ങിയെന്നും അഹാന പറയുന്നു.

5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ താന്‍ പെരുമാറിയിരുന്നത്, അങ്ങനെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നതെന്നും, ഫോളോവെഴ്‌സിന്റെ നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ലായെന്നും അഹാന വെളിപ്പെടുത്തി. ചില സാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന് മനസിലാവുമെന്നും, അതാണ് ഉത്തരവാദിത്വം കൂട്ടുന്നതെന്നും നടി വിശദീകരിക്കുന്നു.

താന്‍ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നു പറഞ്ഞ അഹാന, വെറുതെ താന്‍ വീഡിയോ ഇടാറില്ലായെന്നും പറഞ്ഞു. എത്ര രൂപ തരാമെന്ന് പറഞ്ഞാലും, ഇനി 50 കോടി രൂപ തന്നാലും തന്റെ തന്റെ വിശ്വാസ്യത വില്‍ക്കില്ല എന്ന് വ്യക്തമാക്കിയ അഹാന, തനിക്കു വ്യക്തിപരമായി അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കി മാത്രമേ താന്‍ മറ്റുള്ളവര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കു എന്നും കൂട്ടിച്ചേര്‍ത്തു.