'മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു'; അഹാനയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടന്‍ ടൊവിനോ തോമസിനോട് ലൈറ്റായിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ? എന്ന് നടി അഹാന കൃഷ്ണ. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടൊവിനോ നായകനായ മിന്നല്‍ മുരളി ചിത്രത്തിന്റെ ട്രെയ്‌ലറും അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം തോന്നലും ട്രെന്‍ഡിംഗില്‍ എത്തിയ സന്തോഷം പങ്കുവച്ചാണ് നടി എത്തിയിരിക്കുന്നത്.

”മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു. ഇരുവരും സന്തോഷത്തോടെ യുട്യൂബില്‍ ട്രെന്റിംഗിലാണ്. ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു” എന്നാണ് അഹാന കുറിച്ചത്. ”ലൈറ്റായിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ?” എന്നും അഹാന ടൊവിനോയോട് തമാശ രൂപേണ ചോദിച്ചിട്ടുമുണ്ട്.

മിന്നല്‍ മുരളിയുടെ സൂപ്പര്‍പവറുകളില്‍ ഒന്ന് വിഷം ഏല്‍ക്കില്ല എന്നതാണ്. അതിനാല്‍ ആ കേക്ക് തനിക്ക് വേണം. ഒപ്പം മറ്റൊരു കഷ്ണം കൂടെ വേണം എന്നാണ് ടൊവിനോയുടെ മറുപടി. താരങ്ങളുടെ ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഹാന ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ആല്‍ബമാണ് തോന്നല്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്. ഗുരു സോമസുന്ദരം അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.