നടന്മാര്‍ മാത്രമല്ല ഹീറോകള്‍, നായക കഥാപാത്രത്തിന് ലിംഗഭേദമില്ലെന്ന് തെളിയിക്കാനാണ് ശ്രമം: തപ്‌സി പന്നു

നടന്മാരെ മാത്രം ഹീറോകളെന്ന് വിശേഷിപ്പിക്കുന്ന സിനിമാലോകത്തെ സ്ഥിരസങ്കല്‍പത്തെ പൊളിച്ചെഴുതാനാണ്  തന്റെ ശ്രമമെന്ന് നടി തപ്സി പന്നു.

“നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്നാണ് എന്റെ പക്ഷം.. അത് തെളിയിക്കുന്നതിനാണ് ഇനി ശ്രമം.. ഇത്രയും നാള്‍ നായകന്‍ എന്നാല്‍ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള ഒന്നായാണ് എല്ലാവരും വിലയിരുത്തിയത്. ആ മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കുകയില്ല. മാറ്റമുണ്ടാകണം എന്നാഗ്രഹിക്കുന്ന നടിമാരുടെ ഭാഗത്തുനിന്ന് നിരന്തരമുള്ള ശ്രമം ആവശ്യമാണ്”, തപ്സി പറഞ്ഞു.

സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. ഇവിടെ എല്ലാ തരത്തിലുമുള്ള നല്ല സിനിമകളും അംഗീകരിക്കപ്പെടുന്നുണ്ട്, നടി പറഞ്ഞു. ലിംഗഭേദത്തിന്റെ അതിര്‍വരമ്പ് ഏത് വിധേനയും ഇല്ലാതാക്കാന്‍ ഞാന്‍ ഒരുക്കമാണ്, തപ്സി പറയുന്നു.തന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായ ഗെയിം ഓവര്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമൊന്നുമല്ലെന്നും ആ യാഥാര്‍ത്ഥ്യം താന്‍ സമ്മതിക്കുന്നുവെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു. “ഗെയിം ഓവര്‍ പാട്ടോ തമാശയോ പോലെ എന്റര്‍ടെയിന്മെന്റിന് ആവശ്യമായ ഒരു ചേരുവകളും ഇല്ലാത്ത ചിത്രമാണ്. നടി പറഞ്ഞു.