'അങ്ങനെയൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ'; സ്വാസിക പറയുന്നു

മലയാളത്തില്‍ ബിഗ് സ്‌ക്രീന്‍, മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സ്വാസിക. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്. സീരിയലുകളിലെ മിന്നുംപ്രകടനമാണ് സ്വാസികയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. എന്നാല്‍ ഇപ്പോള്‍ താരത്തെ മിനി സ്‌ക്രീനില്‍ കാണാനില്ല. അതിനിടെയാണ് നടന്‍ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കുന്നത്. അതിനെ കുറിച്ച് സ്വാസികയ്ക്ക് പറയാനുള്ളത് ഇതാണ്…

“ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ല എന്നു മാത്രം.”

“ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.” വനിതയുമായുള്ള അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.