മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്: തിരിച്ചുവരവിനെ കുറിച്ച് സുചിത്ര

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ നായികയായി തിളങ്ങിയ നടിയാണ് സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് താമസിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നുവെങ്കില്‍ നന്നായി ആലോചിച്ച ശേഷമേ ആ തീരുമാനമെടുക്കു എന്നാണ് സുചിത്ര പറയുന്നത്.

“മലയാളസിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കൂ. എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതു ഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.” വനിതയുമായുള്ള അഭിമുഖത്തില്‍ സുചിത്രം പറഞ്ഞു.

മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും സുചിത്ര പറഞ്ഞു. “സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസം. യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്.” സുചിത്ര പറഞ്ഞു.