'കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി'; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഷക്കീല

നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചാരണം. സംഭവത്തില്‍ പ്രതികരിച്ച് താരം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷക്കീല പ്രതികരിച്ചിരിക്കുന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും താന്‍ മരിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഷക്കീല പറഞ്ഞു.

“”ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ ഉടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്.””

“”എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെ കുറിച്ച് ഓര്‍ത്തത്”” എന്നാണ് ഷക്കീല വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്‍ ജനാര്‍ദനന്‍ അന്തരിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദനന്‍ പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞിരുന്നു.