ഇപ്പോഴും നിരവധി പേര്‍ എന്നെ 'ദളപതിയുടെ തങ്കച്ചി' എന്നാണ് വിളിക്കുന്നത്: ശരണ്യ മോഹന്‍

വേലായുധം സിനിമ റിലീസ് ചെയ്ത് പത്തു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും പലരും തന്നെ വിളിക്കുന്നത് “ദളപതിയുടെ തങ്കച്ചി” എന്നാണെന്ന് നടി ശരണ്യ മോഹന്‍. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

“”വേലായുധം സിനിമ റിലീസ് ചെയ്തിട്ട് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇപ്പോഴും നിരവധി പേര്‍ എന്നെ “ദളപതിയുടെ തങ്കച്ചി” എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ പോലെ നല്ലൊരു കലാകാരനൊപ്പം, മനുഷ്യനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനവും സന്തോഷവും മാത്രം. വിജയ് അണ്ണന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു”” എന്നാണ് ശരണ്യയുടെ കുറിപ്പ്.

ശരണ്യയ്ക്ക് തമിഴകത്ത് ഏറെ ശ്രദ്ധ നേടികൊടുത്ത ചിത്രമായിരുന്നു വേലായുധം. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ്‌യുടെ അനിയത്തി ആയാണ് ശരണ്യ വേഷമിട്ടത്. വിവാഹത്തിന് ശേഷം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശരണ്യ.

ബാലതാരമായി സിനിമയിലെത്തി മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലെല്ലാം ശരണ്യ ശ്രദ്ധ നേടിയിരുന്നു. 2015ല്‍ ആണ് ശരണ്യ വിവാഹിതയായത്. അഭിനയത്തോട് വിട പറഞ്ഞെങ്കിലും നൃത്ത രംഗത്ത് താരം സജീവമാണ്. വിവാഹ ശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങിയിരുന്നു.

View this post on Instagram

A post shared by Saranya Mohan (@saranyamohanofficial)