നയന്‍താരയുടെ വീടിന് മുന്നില്‍ പോയി കാത്തു നിന്നിട്ടുണ്ട്, ആ വീട്ടില്‍ നിന്നും എന്തെങ്കിലും ആവശ്യത്തിന് അവര്‍ പുറത്തേക്കിറങ്ങും എന്ന് വിചാരിച്ച്: ശരണ്യ ആനന്ദ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും താരത്തിന് മികച്ച പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. മലയാളി ആണെങ്കിലും ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്. അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പ്, ഹയര്‍ സെക്കന്‍ഡറി പഠനകാലത്ത് നയന്‍താരയെ കാണാനായി പോയതിനെ കുറിച്ചാണ് ശരണ്യ ഇപ്പോള്‍ പറയുന്നത്.

നയന്‍താരയുടെ വീടിന് മുന്നില്‍ പോയി കാവല്‍ നിന്നിരുന്നു എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരണ്യ പറയുന്നത്. ഹയര്‍ സെക്കന്‍ഡറി പഠനം കേരളത്തിലായിരുന്നു. ആ സമയത്ത് ആലപ്പുഴ എടത്വയിലെ അമ്മ വീട്ടില്‍ നിന്ന് നയന്‍താരയെ കാണാന്‍ വേണ്ടി തിരുവല്ലയിലെ അവരുടെ വീടിന്റെ മുന്നില്‍ പോയി കാവല്‍ നിന്നിട്ടുണ്ട്.

നയന്‍താര ആ വീടിനകത്ത് ഉണ്ടെന്നും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങും എന്നുമായിരുന്നു വിചാരം. വൈകുന്നേരമായപ്പോള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. അന്ന് തന്റെ അമ്മയുടെ അനിയത്തിയുടെ മകന്‍ അരുണാണ് ഈ ഉദ്യമത്തിന് കാവല്‍ വന്നത്. നയന്‍താരയെ കാണാന്‍ കഴിയാഞ്ഞ സങ്കടം മനസിലുണ്ടായിരുന്നു.

Read more

തിരിച്ചു പോരുംവഴി താനവനോടു പറഞ്ഞു, ‘നോക്കിക്കോ, ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകും’ എന്ന്. കുടുംബത്തിലാര്‍ക്കും അഭിനയവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അതുകൊണ്ടു തന്നെ അഭിനയിച്ചാല്‍ മതി എന്ന് താന്‍ പറയുമ്പോഴൊക്കെ അച്ഛനും അമ്മയും കരുതിയത് ചുമ്മാ വായില്‍ വരുന്നത് പറയുന്നു എന്നാണെന്നും ശരണ്യ പറയുന്നു.