സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല: ആകാശഗംഗ 2 വിലെ യക്ഷി

വിനയന്‍ ഒരുക്കിയ ഹൊറര്‍ കോമഡി എന്റര്‍ടെയ്നര്‍ ആകാശഗംഗ 2 തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ആകാശഗംഗയുടെ ആദ്യ ഭാഗത്ത് മയൂരിയുടെ ഗംഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശഗംഗ 2 വില്‍ ആദ്യത്തേതിലും ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഗംഗയുടെ വരവ്. അതും കത്തിക്കരിഞ്ഞ രൂപത്തില്‍. നടി ശരണ്യ ആനന്ദാണ് ആകാശഗംഗ 2വില്‍ ആ കഥാപാത്രത്തെ മനോഹരമാക്കിയത്. കത്തിക്കരിഞ്ഞ രൂപത്തില്‍ കോസ്റ്റ്യൂം പ്രശ്‌നമായിരുന്നതിനാല്‍ അല്‍പ്പം ഗ്ലാമറസായി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ലെന്നാണ് ശരണ്യ പറയുന്നത്.

‘കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റ്യൂസ് ഉപയോഗിക്കാന്‍ പരിമിതിയുണ്ട് എന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞിരുന്നു. അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാര്‍ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവര്‍ ഒരിക്കലും വള്‍ഗര്‍ ആയിട്ടുള്ള രീതിയിലായിരുന്നില്ല.’

‘മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല. കുടുംബപ്രേക്ഷകരാണ് കൂടുതലായും സിനിമ കാണാന്‍ എത്തുന്നത്. ന്യൂഡിറ്റി വള്‍ഗര്‍ രീതിയിലായിരുന്നെങ്കില്‍ അവര്‍ സ്വീകരിക്കില്ലല്ലോ. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിലും ഇനിയും ചെയ്യാന്‍ മടിയില്ല.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ശരണ്യ പറഞ്ഞു.