എല്ലാവരെയും പോലെ ഞാനും ഗൂഗിളിനോട് ചോദിച്ചു, അതോടെ മനസ്സിലായി വൈദ്യസഹായം തേടാമെന്ന്: സനുഷ

വിഷാദ രോഗാവസ്ഥയെ മറികടന്ന് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി സനുഷ. വിഷാദാവസ്ഥയെ കുറിച്ച് എങ്ങനെയാണ് താന്‍ തിരിച്ചറിഞ്ഞത് എന്ന് പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഒന്നിനോടും താല്‍പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത അവസ്ഥയിലേക്ക് താന്‍ എത്തി എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സനുഷ പറയുന്നത്.

ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ ഒന്നിനോടും താല്‍്പര്യമില്ലാതെ എണീക്കാന്‍ പോലും ഇഷ്ടമില്ലാതെയൊക്കെയുള്ള മാനസികാവസ്ഥയിലേക്ക് എത്തി. തൊഴില്‍പരമായും വ്യക്തിപരമായും കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. എന്നാലും ചെയ്യാന്‍ തോന്നില്ല. ആദ്യമൊക്കെ മടികൊണ്ടാണോ എന്നൊരു സംശയത്തിലിരുന്നു.

അതല്ലെന്ന് മനസിലാക്കിയപ്പോള്‍ താന്‍ ഇതിനേ കുറിച്ച് വീട്ടില്‍ സംസാരിച്ചു. “”നമുക്ക് ഡോക്ടറെ കാണണോ, അതോ നിനക്ക് തന്നെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന്. വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ്. അപ്പോള്‍ മാറിയാലോ”” എന്നുപോലും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലും തനിക്ക് പിന്തുണ തന്നവരാണ് അവരെല്ലാം.

വളരെ അടുത്ത സുഹൃത്തുക്കളോടും താന്‍ ഈ അവസ്ഥ തുറന്നുപറഞ്ഞു. അവരും എല്ലാ പിന്തുണയും സഹായവും നല്‍കി. ഒടുവില്‍ ഈ ലക്ഷണങ്ങളൊക്കെ വച്ച് എല്ലാവരും ചെയ്യുന്നത് പോലെ താനും ഗൂഗിളിനോട് ചോദിച്ചു. അതോടെ എനിക്ക് തോന്നി, വൈദ്യസഹായം തേടാമെന്ന് എന്നാണ് സനുഷ പറയുന്നത്.